ബെംഗളൂരു: മദ്യലഹരിയില്‍ അമിത വേഗതയിലോടിച്ച ആഡംബര കാറിടിച്ച് 30 വയസുള്ള യുവതി മരിച്ച സംഭവത്തില്‍ 20കാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ കെങ്കേരി ട്രാഫിക് ട്രാന്‍സിറ്റ് മാനേജ്മെന്റ് സെന്ററിന് സമീപം ശനിയാഴ്ച വൈകീട്ട് 6.45-ഓടെയാണ് അപകടം നടന്നത്. സംഭവത്തില്‍ യുവാവും സുഹൃത്തും അറസ്റ്റിലായി. ബസവേശ്വര നഗര്‍ സ്വദേശിനി സന്ധ്യ (30) ആണ് മരിച്ചത്. സ്വകാര്യ ബസ് ഉടമ പരമേശ്വറിന്റെ മകന്‍ ധനുഷ് (20) ആണ് അറസ്റ്റിലായത്.

ധനുഷിന്റെ പിതാവ് അടുത്തിടെ വാങ്ങിയ ആഡംബര കാറില്‍ സുഹൃത്തിനൊപ്പം കറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച ആഡംബര കാറിടിച്ച് സയീദ് അര്‍ബാസ് എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്.

ധനുഷാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. അമിതവേഗത്തില്‍ സ്പീഡ് ബ്രേക്കറില്‍ കയറിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയെ ഇടിക്കുകയും ഇരുവരും കാര്‍ നിര്‍ത്താതെ പോകുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. അടുത്ത ട്രാഫിക് സിഗ്‌നലില്‍വച്ച് നാട്ടുകാരാണ് കാര്‍ തടഞ്ഞ് യുവാക്കളെ പുറത്തിറക്കി പോലീസിന് കൈമാറിയത്. ഇരുവര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.