ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ എം.പി പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. ഒക്ടോബര്‍ 21ന് കര്‍ണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹാസനിലെ എം.പിയായിരുന്ന പ്രജ്വല്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ മണ്ഡലത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പൊലീസിനും പരാതി ലഭിച്ചത്. മൂവായിരത്തോളം വിഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ പാര്‍ക്കുകളിലും സ്റ്റേഡിയത്തിലുമുള്‍പ്പെടെ വിതറിയ നിലയില്‍ പലര്‍ക്കായി കിട്ടുകയായിരുന്നു.

ആരോപണമുയര്‍ന്നതിനു പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ടു. കേസന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ, അമ്മ ഭവാനി എന്നിവര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. രേവണ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. ഏപ്രില്‍ 26നായിരുന്നു ഹാസനില്‍ വോട്ടെടുപ്പ് നടന്നത്. തൊട്ടടുത്ത ദിവസം പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നു.

ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ തിരിച്ചുവരാന്‍ പ്രജ്വലിന് സമ്മര്‍ദമേറി. മേയ് 31ന് ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പ്രജ്വല്‍ അറസ്റ്റിലായത്. ജെ.ഡി.എസില്‍നിന്ന് സസ്‌പെന്‍ഷന്‍ നേരിടുന്ന പ്രജ്വല്‍, തെരഞ്ഞെടുപ്പില്‍ 40,000ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.