- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍വകലാശാലയ്ക്ക് അദാനി ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്ത 100 കോടി നിരസിച്ച് തെലങ്കാന സര്‍ക്കാര്‍; വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് രേവന്ത് റെഡ്ഡി
അദാനിയുടെ പണം വേണ്ട; 100 കോടി നിരസിച്ച് തെലങ്കാന
ഹൈദരാബാദ്: തെലങ്കാനയിലെ യങ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്സിറ്റിക്ക് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ യു.എസ്. കോടതിയിലെ കുറ്റപത്രത്തില്‍ ഗൗതം അദാനിയുടെയും മറ്റും പേര് ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണിത്. പണം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ലെന്ന് കാണിച്ച് അദാനിക്ക് കത്തയച്ചതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തെലങ്കാന സര്‍ക്കാര്‍ വിവാദങ്ങളില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ഒക്ടോബര്‍ 18-നാണ് ഗൗതം അദാനി, 100 കോടിയുടെ ചെക്ക് സര്‍വകലാശാലയ്ക്കുവേണ്ടി രേവന്ത് റെഡ്ഡിക്ക് കൈമാറിയത്.
'നിരവധി കമ്പനികള്‍ യങ് ഇന്ത്യ സ്‌കില്‍ യൂനിവേഴ്‌സിറ്റിക്കായി പണം നല്‍കുന്നുണ്ട്. അതേ രീതിയിലാണ് അദാനി ഗ്രൂപ്പും 100 കോടി നല്‍കിയത്. അദാനി ഗ്രൂപ്പ് നല്‍കിയ 100 കോടി രൂപ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ലെന്ന് കാണിച്ച് ഇന്നലെ അദാനിക്ക് കത്തയച്ചിരുന്നു' -രേവന്ത് റെഡ്ഡി പറഞ്ഞു.
വിവാദങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ലെന്നും യങ് ഇന്ത്യ സ്‌കില്‍സ് യൂനിവേഴ്‌സിറ്റി തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ യുവാക്കള്‍ക്കായി ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ടുകള്‍ക്ക് കീഴില്‍ 100 കോടി രൂപ അദാനി ഗ്രൂപ്പില്‍ നിന്ന് ലഭിച്ചു. എന്നാല്‍ തെലങ്കാന സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭാവന സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ പ്രീതി ജി. അദാനിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. 80 ജി വകുപ്പ് പ്രകാരമുള്ള ആദായനികുതി ഇളവ് സര്‍വകലാശാലയ്ക്ക് ലഭിച്ചിരുന്നില്ലെന്നും ഈ പശ്ചാത്തലത്തില്‍ സംഭാവന നല്‍കാന്‍ തയ്യാറായവരോട് തുക കൈമാറാന്‍ സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും തെലങ്കാന ഐ.ടി. ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍, നവംബര്‍ 24-ന് അദാനി ഫൗണ്ടേഷന് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ആദായനികുതി ഇളവ് ഈയടുത്ത് ലഭിച്ചുവെങ്കിലും നിലവിലെ സംഭവ വികാസങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ തുക കൈമാറാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും കത്തില്‍ പറയുന്നു.സര്‍വകലാശാലയ്ക്ക് അദാനി ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്ത 100 കോടി നിരസിച്ച് തെലങ്കാന സര്‍ക്കാര്‍; വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് രേവന്ത് റെഡ്ഡി