ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് കൃഷ്ണഗിരി ഊത്താങ്കര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി.

24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

കനത്ത മഴയില്‍ തിരുവണ്ണാമലൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലാവുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫിന്‍ജാന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.