ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചി അറിയിച്ചു.

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ശംഭു അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഡല്‍ഹി മാര്‍ച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തുടര്‍നടപടി തീരുമാനിക്കാന്‍ കര്‍ഷകര്‍ യോഗം ചേരും.

ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരാണ് ഡല്‍ഹി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് നടത്തരുതെന്ന് കാണിച്ച് പൊലീസും കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ശംഭു അതിര്‍ത്തിയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചാബിലെ കര്‍ഷകര്‍ സമരത്തിലാണ്.

ബാരിക്കേഡുകള്‍ തകര്‍ത്ത് ഡല്‍ഹിക്ക് മാര്‍ച്ച് ഉദ്ദേശിക്കുന്നില്ലെന്നും സമാധാനപരമായ മാര്‍ച്ചാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു സമരത്തെ കുറിച്ച് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചത്.