മുംബൈ: ഒന്നിലേറെ ഭാര്യമാര്‍ ഉള്ളവര്‍ക്ക് മാത്രമേ ഏക സിവില്‍ കോഡ് പ്രശ്‌നമാകൂവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയാണ് രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്നും ഒരു സമുദായത്തിനും അതുമൂലം പ്രശ്‌നമുണ്ടായിട്ടില്ലെന്നും സാവന്ത് പറഞ്ഞു.

1961 മുതല്‍ സംസ്ഥാനത്ത് നിലവിലുള്ള ഏക സിവില്‍ കോഡ് കാരണം ഹിന്ദുക്കള്‍ക്കോ കത്തോലിക്കര്‍ക്കോ മുസ്ലിംകള്‍ക്കോ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രാജ്യവ്യാപകമായി സിവില്‍ കോഡ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയില്‍ ലോക ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ ആഗോള സമ്മേളനത്തിലായിരുന്നു സാവന്തിന്റെ പരാമര്‍ശം.

കേന്ദ്രമന്ത്രിസഭ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഗോവ മുഖ്യമന്ത്രി ആവശ്യവുമായി രംഗത്തുവന്നത്. ഒരാള്‍ക്ക് ഒരു ഭാര്യ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും മൂന്നോ നാലോ ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് ഏക സിവില്‍ കോഡ് ബുദ്ധിമുട്ടാകുന്നതെന്നും സാവന്ത് പറഞ്ഞു,

''ഏക സിവില്‍ കോഡ് രാജ്യവ്യാപകമായി നടപ്പാക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്ന് നമുക്കറിയാം. ഏക സിവില്‍ കോഡ് പ്രകാരം വിവാഹശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് സ്വത്തുക്കളില്‍ തുല്യ അവകാശമായിരിക്കും. എനിക്ക് ഒരു ഭാര്യ മാത്രമാണെങ്കില്‍, സ്വത്ത് വിഭജനത്തില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ല, മൂന്നോ നാലോ പേരുമായി അത് പങ്കിടേണ്ടിവരുന്നില്ല. ഏക സിവില്‍ കോഡിലൂടെ വിവാഹം, ജനനം, മരണം എന്നിവയുടെയെല്ലാം രജിസ്‌ട്രേഷന്‍ എല്ലാവര്‍ക്കും ഒരുപോലെയാകും'' -സാവന്ത് പറഞ്ഞു. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി.