ഗുവാഹത്തി: അസമില്‍ യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ബോറഗാവിലെ നിജരപര്‍ പ്രദേശത്തെ ഒരു ദുര്‍ഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബലാത്സംഗത്തിന് ഇരയായ യുവതിയെ കണ്ടെത്താനായിട്ടില്ല.

നവംബര്‍ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്. പ്രതികള്‍ കുറ്റകൃത്യം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 13 വെള്ളിയാഴ്ച പുലര്‍ച്ചെയോടെ എട്ട് പ്രതികളില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗഖിര്‍ചൗക്കില്‍ താമസിക്കുന്ന കുല്‍ദീപ് നാഥ് (23), ശിവ് നഗര്‍ പാത്തില്‍ താമസിക്കുന്ന ബിജോയ് രാഭ (22), നിസാരപാര്‍ സ്വദേശികളായ പിങ്കു ദാസ് (18), ഗഗന്‍ ദാസ് (21), ബകുല്‍ നഗര്‍ സ്വദേശി സൗരവ് ബോറോ (20), പാച്ചിം സ്വദേശി മൃണാള്‍ രഭ (19), പദുംബരി സ്വദേശി ദിപങ്കര്‍ മുഖിയ (21) എന്നിവരാണ് അറസ്റ്റിലായത്.

അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇരയായ യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.