ന്യൂഡല്‍ഹി: ആക്രമണം രൂക്ഷമായ സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെ ഒഴിപ്പിച്ചു. ഇതില്‍ 44 പേരും ജമ്മു കാഷ്മീരില്‍ നിന്നു പോയ തീര്‍ഥാടകരാണ്.

ഇവര്‍ സൈദ സൈനബ് നഗരത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒഴിപ്പിച്ചവരെ സുരക്ഷിതമായി ലെബനനിലേക്ക് എത്തിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അതിര്‍ത്തി വരെ ഇവരെ അനുഗമിച്ചു.

അവിടെ നിന്ന് ലെബനനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇവരെ സ്വീകരിച്ച് ഇമിഗ്രേഷന്‍ നടപടികള്‍ക്ക് സഹായം നല്‍കിയെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.