ഭോപാല്‍: മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ വ്യവസായിയെയും ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബിസിനസുകാരന്‍ മനോജ് പാര്‍മര്‍, ഭാര്യ നേഹ എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ് സെഹോര്‍ ജില്ലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇ.ഡിയുടെയും ബിജെപി നേതാക്കളുടെയും പീഡനമാണ് മരണകാരണമെന്ന് ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയ കുറിപ്പില്‍ ആരോപിക്കുന്നു.

ഈമാസം അഞ്ചിന് ഇവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നേരിട്ട്ിരുന്നു. ഇതിന് ഒരാഴ്ചയ്ക്കുശേഷം ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയവിവാദം പുകയുകയാണ്. കോണ്‍ഗ്രസ് അനുഭാവിയായതിനാലാണ് മനോജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നു മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് ആരോപിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ വേണ്ടി ഇ.ഡിയെ ഉപയോഗിച്ച് മനോജില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നു പിസിസി അധ്യക്ഷന്‍ ജിതു പട്വാരിയും ആരോപിച്ചു. ഇ.ഡിയുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പാര്‍മറിന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.

മരിച്ച ദമ്പതികളുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും ദുഃഖത്തിലാണെന്നും അതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്ന് പിടിഐയോട് സംസാരിക്കവെ അമാല്‍ക്കര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സെഹോര്‍ ജില്ലയിലെ അഷ്ട ടൗണിലെ വീട്ടില്‍ പാര്‍മറിനെയും ഭാര്യ നേഹയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറു കോടി രൂപ വായ്പയെടുത്തു തിരിമറി നടത്തിയെന്നാരോപിച്ചു പാര്‍മര്‍ക്കെതിരെ 2017 ല്‍ സിബിഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചിന് ഇന്‍ഡോറിലും സെഹോറിലുമായി നാലിടത്താണ് ഇ.ഡി റെയ്ഡ് നടത്തിയത്. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി, മുഖ്യമന്ത്രി യുവസംരംഭക പദ്ധതി എന്നിവയുടെ പേരിലെടുത്ത വായ്പ ഉപയോഗിച്ച് സ്വത്ത് വാങ്ങിയെന്ന കേസിലാണ് അന്വേഷണമെന്ന് ഇ.ഡി മേഖലാ ഓഫിസ് പ്രതികരിച്ചു.

കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും: കോണ്‍ഗ്രസ്

ദമ്പതികളുടെ കുട്ടികളുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നു പിസിസി അധ്യക്ഷന്‍ ജിതു പട്വാരി അറിയിച്ചു. മക്കളെ നോക്കണമെന്നു ദമ്പതികള്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോട് കുറിപ്പില്‍ അഭ്യര്‍ഥിച്ചിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, കുട്ടികള്‍ തങ്ങളുടെ കുടുക്കസമ്പാദ്യം രാഹുലിനു സമ്മാനിച്ചിരുന്നു. ടൈപ്പ് ചെയ്തുള്ള കുറിപ്പില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരെയും അഭിസംബോധന ചെയ്യുന്നുണ്ട്.