ബംഗളുരു: കാമുകിയെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച യുവാവും സുഹൃത്തും പോലിസ് പിടിയില്‍. 32കാരിയുടെ പരാതിയില്‍ ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെ പ്രണയ കെണിയില്‍ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത് ഇരുവരും ചേര്‍ന്ന് ചൂഷണം ചെയ്യുകയാണ് പതിവ്. ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പിടികൂടിയത്. ബിരുദധാരികളായ ഇരുവരും രണ്ട് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്.

പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹരീഷിന്റെ കാമുകിയായ 32കാരി പരാതിയുമായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. ഏതാനും വര്‍ഷം മുമ്പ് പരിചയപ്പട്ട ഹരീഷുമായി പ്രണയത്തില്‍ ആയിരുന്നെന്നും തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നതായും യുവതി പറയുന്നു. ഒരുമിച്ച് നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഈ സമയങ്ങളില്‍ ഹരീഷ് താന്‍ അറിയാതെ സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ തന്റെ സുഹൃത്തായ ഹേമന്ദ് എന്നയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി.

ഇതിന് പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമത്രെ. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പറഞ്ഞും ഇയാള്‍ നിര്‍ബന്ധികകുമായിരുന്നത്രെ. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിശദ വിവരം ലഭ്യമാക്കുമെന്നും ബംഗളുരു പൊലീസ് അറിയിച്ചു.