ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തത്തില്‍ പോലീസ് നടപടി കടുപ്പിക്കുന്നു. ഡിസംബര്‍ നാലിന് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന് ഹൈദരാബാദ് പോലീസ് നോട്ടീസ് നല്‍കി. നാളെ രാവിലെ 11ന് ചിക്കട്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് അല്ലു അര്‍ജുന് നോട്ടീസ് കൈമാറിയത്.

നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അഭിഭാഷകര്‍ വീട്ടിലെത്തി താരവുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പുഷ്പ 2: ദി റൂള്‍ പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തില്‍ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അര്‍ജുനെയും ഒപ്പം തിയറ്റര്‍ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.