- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് ഭാരത് രത്‌നം നല്‍കണം; അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കണമെന്ന് ആംആദ്മി
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌നം നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് ഭാരത് രത്‌നം നല്‍കണമെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടു. ഭാരത് രത്‌നം ലഭിക്കാനുള്ള എല്ലാ യോഗ്യതയും മന്‍മോഹന്‍ സിങ്ങിനുണ്ടെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു.
'രാജ്യസഭയിലെത്തിയത് മുതല്‍ ഇതുവരെ അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്ക് ലഭിച്ചു. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സംഭവമുണ്ട്. ഒരിക്കല്‍ ഞാന്‍ ഒപ്പിടുകയായിരുന്നു. പുറകില്‍ നിന്ന് ആരോ എന്റെ തോളില്‍ കൈവെച്ചു. ഞാന്‍ നോക്കിയപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ് നില്‍ക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു. അദ്ദേഹം എന്റെ തോളില്‍ കൈവെച്ച് പറഞ്ഞു, സഞ്ജയ് സിങ് ജി, നിങ്ങള്‍ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാണ്. ഈ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. അദ്ദേഹം ഒരു മഹാനായിരുന്നു'. -സഞ്ജയ് സിങ് വിശദീകരിച്ചു.
മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഭരണ-പ്രതിപക്ഷ എം.പിമാര്‍ നിശബ്ദരായി ഇരിക്കാറുണ്ടായിരുന്നു. രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍ അദ്ദേഹം പ്രസംഗം പൂര്‍ത്തിയാക്കും. ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ അദ്ദേഹം പറയാറുണ്ടായിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ മന്‍മോഹന്‍ സിങ് സുപ്രധാന സംഭാവനകളാണ് നല്‍കിയത്. ഡല്‍ഹിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കേസില്‍ രാജ്യസഭയില്‍ ബില്‍ വന്നപ്പോള്‍, മന്‍മോഹന്‍ സിങ് വോട്ട് ചെയ്യാന്‍ വീല്‍ചെയറില്‍ സഭയിലെത്തി. ആം ആദ്മി പാര്‍ട്ടി ഇക്കാര്യം എപ്പോഴും ഓര്‍ക്കുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.