ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ പിടികൂടുന്ന വാഹനങ്ങള്‍ വിചാരണ പൂര്‍ത്തിയായതിനു ശേഷമേ കണ്ടുകെട്ടാനാവൂ എന്ന് സുപ്രീംകോടതി. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് (എന്‍.ഡി.പി.എസ്) നിയമമനുസരിച്ച് പിടികൂടിയ വാഹനങ്ങള്‍ പ്രതി കുറ്റക്കാരനല്ലെങ്കില്‍ വിട്ടുനല്‍കുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

തന്റെ അറിവോ സമ്മതമോ കൂടാതെയാണ് പ്രതി വാഹനം ഉപയോഗിച്ചതെന്നും വാഹനത്തിന്റെ അത്തരം ഉപയോഗത്തിനെതിരെ ന്യായമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ഉടമ തെളിയിച്ചാല്‍ പിടിച്ചെടുത്ത വാഹനം കണ്ടുകെട്ടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വാഹനം കണ്ടുകെട്ടണമെന്ന് കോടതി തീരുമാനിക്കുമ്പോള്‍പോലും പ്രതിയുടെ വാദം കേള്‍ക്കാന്‍ അവസരം നല്‍കണമെന്നും കോടതി പറഞ്ഞു.

എന്‍.ഡി.പി.എസ് നിയപ്രകാരം പിടികൂടിയ ട്രക്ക് ഇടക്കാലത്തേക്ക് വിട്ടുനല്‍കാന്‍ വിസമ്മതിച്ച വിചാരണക്കോടതിയുടെ വിധി ശരിവെച്ച ഗുവാഹതി ഹൈകോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.