ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് നാല് ടണ്‍ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഉത്പാദിപ്പിച്ച ബാച്ച് നമ്പര്‍ - AJD2400012-ന്റെ മുഴുവന്‍ ഉത്പന്നങ്ങളും തിരിച്ചുവിളിക്കാന്‍ എഫ്എസ്എസ്എഐ നിര്‍ദേശിച്ചിരുന്നു. പതഞ്ജലിയുടെ മുളക് പൊടിയുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉല്‍പ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) പരിശോധനയിലണ് അമിതമായ തോതില്‍ കീടനാശിനി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നാല് ടണ്‍ മുളകുപൊടി വിപണിയില്‍നിന്ന് തിരിച്ചുവിളിക്കാന്‍ എഫ്.എസ്.എസ്.എ.ഐ ഉത്തരവിട്ടു.

പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിന്റെ എ.ജെ.ഡി 2400012 എന്ന ബാച്ചിലുള്ള 200 ഗ്രാം പാക്കറ്റിലാണ് കീടനാശിനിയുടെ അമിത സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഒരു ബാച്ച് തിരിച്ചുവിളിക്കാന്‍ ജനുവരി 13നാണ് എഫ്.എസ്.എസ്.എ.ഐ ഉത്തരവിട്ടത്. ഇതുപ്രകാരം ഈ ബാച്ച് വിപണിയില്‍നിന്ന് തിരിച്ചുവിളിച്ചു. മുളകുപൊടിയുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി അംശം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഉത്തരവ്.

ഉപഭോക്തൃ വിശ്വാസവും ഉല്‍പ്പന്ന ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്. ഇത് മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി 1986-ലാണ് സ്ഥാപിതമായത്. പതഞ്ജലി ഫുഡ്‌സ് നിലവില്‍ ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനികളില്‍ ഒന്നാണ്. സെപ്തംബര്‍ പാദത്തില്‍ പതഞ്ജലി ഫുഡ്സിന്റെ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 308.97 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 254.53 കോടി രൂപയായിരുന്നു അറ്റാദായം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം വരുമാനം 7,845.79 കോടി രൂപയില്‍ നിന്ന് 8,198.52 കോടി രൂപയായി ഉയര്‍ന്നു.

മുന്‍പ് നിരവധി ആരോപണങ്ങള്‍ പതഞ്ജലിക്ക് എതിരെ ഉണ്ടായിരുന്നു. പതഞ്ജലി വെജിറ്റേറിയന്‍ എന്ന പേരില്‍ വിപണനം ചെയ്യുന്ന ആയുര്‍വേദിക് പല്‍പ്പൊടിയായ 'ദിവ്യ മഞ്ജന്‍' എന്ന ഉല്‍പ്പന്നത്തില്‍ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നല്‍കിയിരുന്നു. ബിസ്‌കറ്റ്, നൂഡില്‍സ്, പഞ്ചസാര എന്നിവയും വിവിധ ഭക്ഷ്യ എണ്ണകളും പാക്കേജ് ഫുഡും പതഞ്ജലി ഫുഡ്‌സ് വിപണിയിലിറക്കുന്നുണ്ട്.