മുംബൈ: മഹാരാഷ്ട്രയിലെ 32കാരിയുടെ ഗര്‍ഭസ്ഥശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുന്നു. ബുല്‍ധാന ജില്ലയിലെ 32 വയസ്സുകാരിയിലാണ് ഡോക്ടര്‍മാര്‍ 'ഫീറ്റസ് ഇന്‍ ഫീറ്റു' എന്ന അത്യപൂര്‍വ അവസ്ഥ കണ്ടെത്തിയത്. ഇന്ത്യയില്‍ ഇതുവരെ 15 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗര്‍ഭത്തിന്റെ 35-ാം ആഴ്ചയിലാണ് യുവതിയില്‍ അത്യപൂര്‍വ്വ സംഭവം കണ്ടെത്തിയത്. ജില്ലാ വനിതാ ആശുപത്രിയില്‍ പതിവുപരിശോധനയ്ക്കായി എത്തിയതായിരുന്നു യുവതി. പരിശോധനയില്‍ ശിശുവിന് ചില പ്രത്യേകതകള്‍ കണ്ടെത്തി. തുടര്‍ന്ന് റേഡിയോളജിസ്റ്റ് ഡോ. ശ്രുതി തോറാട്ടിന്റെകൂടി പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ലോകത്തുതന്നെ അഞ്ചുലക്ഷത്തില്‍ ഒരാളില്‍മാത്രമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നും ഗൈനക്കോളജിസ്റ്റ് ഡോ. ആര്‍. പ്രസാദ് പറഞ്ഞു. ലോകത്താകെ ഇതുവരെ 200 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതും പ്രസവശേഷമാണ് കണ്ടെത്തിയിട്ടുള്ളത്. തുടര്‍ന്ന് യുവതിയെ സുരക്ഷിതമായ പ്രസവത്തിനായി കൂടുതല്‍ സൗകര്യങ്ങളുള്ള ഛത്രപതി സംഭാജി നഗറിലെ മറ്റൊരു ആശുപത്രിയിലേക്ക് സ്ത്രീയെ മാറ്റി.