താനെ: പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന വ്യാജപരാതിയില്‍ രണ്ടാനച്ഛനെ കുറ്റവിമുക്തനാക്കി താനെ കോടതി ഉത്തരവ്. കുട്ടിയുടെയും അമ്മയുടെയും പരാതിയിന്മേലുള്ള കേസിലാണ് കോടതി ഉത്തരവ്.

ഇന്ത്യന്‍ പീനല്‍ കോഡിലെയും പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രത്യേക പോക്സോ ജഡ്ജി റൂബി യു മാല്‍വങ്കറാണ് യുവാവിനെ കുറ്റവിമുക്തനാക്കിയത്.

2021 ജനുവരി, ഫെബ്രുവരി എന്നീ കാലയളവില്‍ രണ്ടാനച്ഛനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്നും തന്റെ അശ്ലീല വിഡിയോകള്‍ കാണിക്കുകയും ചെയ്തെന്നുള്ള പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും അഞ്ചുമാസം ജയിലില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, കേസില്‍ പെണ്‍കുട്ടിയും അമ്മയും പ്രതിയുടെ മോശം പെരുമാറ്റത്തെ ചൂണ്ടിക്കാണിക്കുന്ന പ്രോസിക്യൂഷന്റെ വാദത്തെ പിന്തുണക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ അടിച്ചത് ഇഷ്ട്ടപെടാതെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ ഗൗരവം തിരിച്ചറിയാതെ യഥാര്‍ഥ സംഭവത്തെ പെരുപ്പിച്ച് പറഞ്ഞാണ് പൊലീസില്‍ പരാതിപെട്ടതെന്നും കോടതി വ്യക്തമാക്കി.

താന്‍ തെറ്റ് ചെയ്യുമ്പോള്‍ രണ്ടാനച്ഛന്‍ തന്നെ തല്ലുമായിരുന്നുവെന്നും, സംഭവ ദിവസം, താന്‍ അച്ഛന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കരുതിയാണ് തല്ലിയതെന്നും, തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് പരാതിപ്പെട്ടതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ അശ്ലീല വിഡിയോകള്‍ കാണിക്കുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്തുവെന്ന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു.