- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി പരിധി കുറച്ചതിന് പിന്നാലെ റിപ്പോ നിരക്കും കുറഞ്ഞു; മധ്യവര്‍ഗ്ഗത്തിന് വീണ്ടും ആശ്വാസം; റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് കാല്‍ ശതമാനം
തിരുവനന്തപുരം: മധ്യവര്‍ഗ്ഗത്തിന് ആശ്വാസമാകാന്‍ റിപ്പോ നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. നിലവിലെ റിപ്പോ നിരക്ക് 6.50 ശതമാനമാണ്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്. ഇതിനുമുമ്പ് 2020 മേയ് മാസത്തിലായിരുന്നു റിപ്പോ നിരക്ക് കുറച്ചത്.
റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ കുറയും. കേന്ദ്ര ബഡ്ജറ്റില്‍ ആദായ നികുതി ഭാരം കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് പലിശഭാരം കൂടി കുറയുന്നത്.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ധന അവലോകന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. 2022 ഫെബ്രുവരിക്ക് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
ഡിസംബറില്‍ നാണയപ്പെരുപ്പം നാല് മാസത്തിനിടെയിലെ താഴ്ന്ന നിരക്കായ 5.22 ശതമാനത്തിലെത്തിയതാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള പ്രധാന കാരണം. ജൂലായ് മുതല്‍ സെപ്തംബര്‍ ത്രൈമാസത്തില്‍ ജി ഡി പി വളര്‍ച്ച 5.4 ശതമാനത്തിലേക്ക് താഴ്ന്നതും കാരണമായി. ഉയര്‍ന്ന പലിശ നിരക്ക് നഗര ഉപഭോഗത്തെയും ഭവന, വാഹന മേഖലകളെയും തളര്‍ത്തുന്നുവെന്ന വിലയിരുത്തലും ഉയര്‍ന്നു.