പ്രയാഗ്രാജ്: കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ഡി കെ എസ് ഹെഗ്ഡെ മഹാകുംഭമേളയില്‍ സ്‌നാനം നടത്തി. പ്രയാഗ്രാജില്‍ നടന്ന മഹാ കുംഭമേളയില്‍ പങ്കെടുത്ത തന്റെ അനുഭവം അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.

''തികച്ചും ഊര്‍ജ്ജസ്വലതയുടെയും, ഐക്യത്തിന്റെയും, ആത്മീയ ആഴത്തിന്റെയും'' ഒരു സംഭവമാണ് കുംഭമേള. ആ മഹത്തായ ഒത്തുചേരല്‍ തന്നെ മയക്കിയെന്ന് അവര്‍ പറഞ്ഞു. ദി ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ കുംഭമേളയില്‍ ഭക്തിയും കൂട്ടായിമയും സൃഷ്ടിച്ച അന്തരീക്ഷത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു റീലില്‍ ഐശ്വര്യ വിവരിച്ചു. പരിവര്‍ത്തനത്തെയും ലക്ഷ്യത്തെയും കുറിച്ച് സംസാരിച്ച ദി സേക്രഡ് കോണ്‍ക്ലേവില്‍ ഒരു പാനലിസ്റ്റാകാന്‍ കഴിഞ്ഞതിനാല്‍ താന്‍ അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

ഗ്രാമി ജേതാവായ സംഗീതജ്ഞന്‍ റിക്കി കേജിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിനെ ഒരു ''വിനയാന്വിതമായ'' നിമിഷം എന്ന് വിശേഷിപ്പിച്ച അവര്‍ അത് ഭാഗ്യമാണെന്ന് പറഞ്ഞു. തന്റെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സംഭാഷണങ്ങള്‍ക്കും കൈമാറ്റം ചെയ്യപ്പെട്ട ആഴത്തിലുള്ള ജ്ഞാനത്തിനും നന്ദിയെന്നും അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.