ന്യൂഡല്‍ഹി: ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രിംകോടതി ഉത്തരവ്. നികുതി ചുമത്താന്‍ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നിര്‍ണായക ഉത്തരവിറക്കിയത്. 1994ലെ സാമ്പത്തിക നിയമത്തില്‍ 2010ല്‍ വരുത്തിയ ഭേദഗതി റദ്ദാക്കിയ സിക്കിം ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്തുന്നത് സംസ്ഥാന വിഷയമെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ നടപടി.

ലോട്ടറി ടിക്കറ്റ് വില്‍പന സേവനമല്ലെന്നും അധിക വരുമാനത്തിനുള്ള പ്രവര്‍ത്തനമാണെന്നുമായിരുന്നു സിക്കിം സര്‍ക്കാരിന്റെ വാദം.ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എന്‍.കെ സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിധി. ലോട്ടറി വിതരണക്കാരും കേന്ദ്ര സര്‍ക്കാരുമായി ബന്ധമില്ല. ലോട്ടറി വിതരണക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ചൂതാട്ട നികുതി നല്‍കുന്നത് തുടരണമെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.