മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ഉള്‍പ്പെടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത 40 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. യുട്യൂബര്‍ റണ്‍വീര്‍ അലാബാദിയയ്ക്കും ചാറ്റ് ഷോയില്‍ പങ്കെടുത്തവര്‍ക്കുമാണ് സൈബര്‍ പൊലീസ് സമന്‍സ് അയച്ചത്. കൊമീഡിയന്‍ സമയ് റെയ്‌നയുടെ നേതൃത്വത്തില്‍ നടത്തുന്ന 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' റിയാലിറ്റി ഷോയിലാണ് അലാബാദിയയുടെ അസഭ്യ പരാമര്‍ശം. ഷോയിലെ 18 എപ്പിസോഡുകളും നീക്കാന്‍ നിര്‍മാതാക്കളോടു സൈബര്‍സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഫ്‌ലുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്ലാനി എന്നിവരടക്കം നാല് പേരെ പൊലീസ് ചോദ്യം ചെയ്തു. പരിപാടി നേരത്തേ തയാറാക്കിയതല്ലെന്നും സ്വതന്ത്രമായി സംസാരിക്കാനാണ് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതെന്നും അപൂര്‍വ മുഖിജയും ആശിഷും മൊഴി നല്‍കി. അലാബാദിയയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച 30 പേര്‍ക്കെതിരെ കേസെടുത്തു. ടോക് ഷോയില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിനിയോട് കേരളീയരുടെ സാക്ഷരതയെക്കുറിച്ച് മോശമായി സംസാരിച്ച വിധികര്‍ത്താവ് ജസ്പ്രീത് സിങ്ങിന്റെ പരാമര്‍ശവും വിവാദമായി.

മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്ഷോയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മൃണാള്‍ പാണ്ഡെ നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ചയാണ് അലാബാദിയയ്‌ക്കെതിരെ പൊലീസ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലാബാദിയയ്‌ക്കെതിരെ കേസുകളുണ്ട്.