ചെന്നൈ: തമിഴഗ വെട്രി കഴഗം അധ്യക്ഷനും നടനുമായ വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. രണ്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. തമിഴ്നാടിനുള്ളില്‍ മാത്രമേ വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കൂ. ഇന്റലിജന്റ്‌സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

മാര്‍ച്ച് ആദ്യവാരം വിജയ് തമിഴ്നാട്ടിലുടനീളം റോഡ് ഷോ നടത്തുമെന്ന് സൂചനയുണ്ട്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിജയ്യുടെ വരാനിരിക്കുന്ന യാത്രയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അദ്ദേഹത്തെ തല്ലണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.