പനാജി: ഗോവയിലെത്തിയ ഐറിഷ് വിനോദസഞ്ചാരി ഡാനിയാല മെക്ലോഫിന്‍ എന്ന യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിയായ വികാത് ഭഗത് എന്ന യുവാവ് കുറ്റക്കാരനാനെന്ന് ഗോവ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി വിധിച്ചു. കാനകോണയിലെ ഒറ്റപ്പെട്ട ഒരിടത്തു വെച്ച് 2017 ന് ആയിരുന്നു ഈ 28 കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. അതിനു ശേഷം അവരെ ശ്വസം മുട്ടിച്ചു കൊന്ന പ്രതി അവരുടെ മുഖം ബിയര്‍ ബോട്ടില്‍ കൊണ്ട് അടിച്ച് തകര്‍ക്കുകയും ചെയ്തു.

കുറ്റകൃത്യം നടന്ന് ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മോഷ്ടാവും, സ്ഥിരം കുറ്റവാളിയുമായ വികാത് ശിക്ഷിക്കപ്പെടുന്നത്. ഡാനിയാലയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷം തന്നെ പോലീസ് ഈ 31 കാരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, നിയമനടപടികള്‍ നീണ്ടുപോവുകയായിരുന്നു. വിധിയില്‍ സംതൃപ്തിയുണ്ട് എന്നായിരുന്നു ഇരയുടെ കുടുംബം പ്രതികരിച്ചത്. ഇയാള്‍ ഒറ്റയ്ക്കാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും അതില്‍ മറ്റ് സംഘങ്ങള്‍ ഒന്നും ഉള്‍പ്പെട്ടിരുന്നില്ലെന്നും കുടുംബ അഭിഭാഷകന്‍ മുഖേന പുറത്തുവിട്ട കുറിപ്പില്‍ കുടുംബാംഗങ്ങള്‍ പറഞ്ഞു.

നട്ടെല്ലിനേറ്റ ക്ഷതവും, കഴുത്തില്‍ മുറുകെ പിടിച്ചതിനാല്‍ ഉണ്ടായ ശ്വാസതടസ്സവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബിയര്‍ കുപ്പികൊണ്ടുള്ള തടര്‍ച്ചയായ ആക്രമണത്തില്‍ അവരുടെ മുഖത്തിനും തലക്കും ഗുരുതരമായ മുറിവുകളും ഏറ്റിരുന്നു. പാലൊലെം ബീച്ചിലുള്ള ഗ്രീന്‍ പാര്‍ക്ക് റിസോര്‍ട്ടില്‍ ഹോളി ആഘോഷിക്കുവാനായിരുന്നു ആസ്‌ട്രേലിയയില്‍ നിന്നുള്ള സ്ത്രീ സുഹൃത്തുമൊത്ത് ഡാനിയേല അവിടെ എത്തിയത്. നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തിലായിരുന്നു അവര്‍ പ്രതിയുമായി പരിചയപ്പെടുന്നത്. ഇയാള്‍ക്കൊപ്പം ഇവര്‍ നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളിലാണ് ഇവര്‍ അവസാനമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പോലീസ് പിടിയിലായ ഉടനെ ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും, രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ അത് പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് ഒരു കത്തു പുറത്തുവിട്ടു. താന്‍ ഡാനിയേലയുമായി പ്രണയത്തിലായിരുന്നു എന്നും, തന്റെ മൂന്ന് സുഹൃത്തുക്കളാണ് യുവതിയെ കൊന്നതെന്നുമായിരുന്നു അതില്‍ ആരോപിച്ചിരുന്നത്. പോലീസ് കഠിനമായി മര്‍ദ്ധിച്ച് തന്നെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു എന്നാണ് അയാള്‍ പറഞ്ഞത്. വികാതിനെ മനപ്പൂര്‍വ്വം കേസില്‍ കുരുക്കുകയായിരുന്നു എന്നാണ് ഇയാളുടെ സഹോദരിയും അവകാശപ്പെടുന്നത്.