ന്യൂഡല്‍ഹി: മഹാകുംഭമേള അര്‍ഥശൂന്യമെന്ന് വിശേഷിപ്പിച്ച ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന വിവാദത്തില്‍. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലാലുവിന്റെ പ്രതികരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, റെയില്‍വേ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

'തിക്കിലും തിരക്കിലുംപെട്ട് 18 പേര്‍ മരിച്ച സംഭവം വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അപര്യാപ്തമായ ക്രമീകരണങ്ങളാണ് ഇത് തുറന്നുകാട്ടുന്നത്. റെയില്‍വേ മന്ത്രി രാജിവയ്ക്കണം. ഇത് റെയില്‍വേയുടെ പൂര്‍ണ പരാജയമാണ്' -മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി കൂടിയായ ലാലു പ്രസാദ് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വലിയ ജനക്കൂട്ടം ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയ്ക്കായി വലിയ ജനക്കൂട്ടം എത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'കുംഭമേളയ്ക്ക് അര്‍ഥമില്ല, അത് വെറും അര്‍ഥശൂന്യമാണ്' -എന്നായിരുന്നു ലാലുവിന്റെ മറുപടി. ഇതിനെതിരെ ബിഹാര്‍ ബിജെപി വക്താവ് മനോജ് ശര്‍മ രംഗത്തുവന്നു. ഹിന്ദു മതത്തോടുള്ള ആര്‍ജെഡിയുടെ മനോഭാവമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'ലാലു പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ആര്‍ജെഡി നേതാക്കള്‍ എല്ലായ്പ്പോഴും ഹിന്ദുക്കളുടെ മതവികാരങ്ങളെ അവഹേളിച്ചിട്ടുണ്ട്. മഹാകുംഭമേളയെ അര്‍ഥശൂന്യമെന്ന് വിശേഷിപ്പിച്ച ലാലു പ്രസാദിന്റെ പുതിയ പ്രസ്താവന ഹിന്ദു മതത്തോടുള്ള പാര്‍ട്ടിയുടെ മനോഭാവത്തെ തുറന്നുകാട്ടുന്നതാണ്' -മനോജ് ശര്‍മ പറഞ്ഞു.