ഹൈദരാബാദ്: സ്‌കൂളില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആര്‍) ജന്മദിനാഘോഷം സംഘടിപ്പിച്ച പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിനാലാണ് സസ്‌പെന്‍ഷന്‍.

നന്ദാവരത്തെ മണ്ഡല്‍ പരിഷത്ത് സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് രജിതയുടെ നേതൃത്വത്തിലാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. പരിപാടിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ അധികൃതര്‍ ഉടന്‍ ഇടപെട്ടു. സര്‍ക്കാര്‍ സ്‌കൂളുകള്‍ അക്കാദമിക് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.

വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ മാസം ആദ്യം, ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഒരു അധ്യാപികയെ സ്‌കൂള്‍ പരിസരത്ത് കാര്‍ വൃത്തിയാക്കാനും മറ്റ് സ്വകാര്യ ജോലികള്‍ ചെയ്യാനും വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചതിന് സസ്പെന്‍ഡ് ചെയ്തിരുന്നു. രംഗംപേട്ട മണ്ഡലത്തിലെ വെങ്കടപുരം ഗ്രാമത്തിലെ അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടനടി നടപടി സ്വീകരിച്ചു.