മുംബൈ: വ്യാജ രേഖ ചമച്ച് സര്‍ക്കാര്‍ ഫ്‌ളാറ്റ് തട്ടിയ കേസില്‍ കൃഷിമന്ത്രിയും എന്‍സിപി (അജിത് വിഭാഗം) നേതാവുമായ മണിക്റാവു കൊക്കാട്ടെയ്ക്ക് നാസിക് കോടതി രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. സഹോദരന്‍ സുനില്‍ കൊക്കാട്ടെയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. മുപ്പതു വര്‍ഷം മുന്‍പുള്ള വഞ്ചനാ കേസിലാണ് കോടതി വിധി.

1995ല്‍ വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ ക്വോട്ടയില്‍ ഇരുവരും ഫ്‌ലാറ്റ് സ്വന്തമാക്കിയെന്ന് ആരോപിച്ച് മുന്‍ മന്ത്രി ടി.എസ്.ദിഘോളെ നല്‍കിയ പരാതിയിലാണ് കേസ്. ജാമ്യം ലഭിച്ചതായും ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും ശിക്ഷാവിധിക്കു പിന്നാലെ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വന്തമായി ഫ്‌ലാറ്റുകള്‍ ഇല്ലെന്നും താഴ്ന്ന വരുമാനക്കാരുടെ വിഭാഗത്തില്‍പ്പെട്ടവരാണെന്നും അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ക്വോട്ടയില്‍ കോക്കാട്ടെ സഹോദരങ്ങള്‍ യെവ്ലാക്കര്‍ കോളജ് റോഡില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തമാക്കി. ഇതില്‍ ക്രമക്കേട് ആരോപിച്ചാണ് ദിഘോളെ പരാതി നല്‍കിയത്.

എന്‍സിപി (അജിത് വിഭാഗം) നേതാവും പൊതുവിതരണ മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ ബീഡില്‍ സര്‍പഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നതിനിടെയാണു പാര്‍ട്ടിയിലെ മറ്റൊരു നേതാവിനെ വഞ്ചനക്കേസില്‍ കോടതി ശിക്ഷിച്ചിരിക്കുന്നത്.