ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലായത് എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മകള്‍ ദയാ പ്രസാദ് പ്രഭാകര്‍. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നും അവര്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങളെ ദയ തള്ളിക്കളയുകയും ചെയ്തു.

കഴിഞ്ഞ ദിവസം ആണ് ഗായിക കല്‍പ്പന രാഘവേന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വിവരം. എന്നാല്‍ ഇത് വാസ്തവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കല്‍പനയുടെ മകള്‍ ദയാ പ്രസാദ് പ്രഭാകര്‍ രംഗത്ത് വന്നത്. അമ്മ ഉറക്ക ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങള്‍ തെറ്റാണെന്നും ദയ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ചയാണ് ഗായിക കല്പന രാഘവേന്ദറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസാണ് ഗായികയെ നിസാം പേട്ടിലെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് മകള്‍ വ്യക്തതവരുത്തിയത്.

'എന്റെ അമ്മയ്ക്ക് ഒരു പ്രശ്നവുമില്ല. അവര്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. അവര്‍ സന്തോഷവതിയും ആരോഗ്യവതിയുമാണ്. അവര്‍ ഒരു ഗായികയാണ്. പിഎച്ച്ഡിയും എല്‍എല്‍ബിയും ചെയ്യുന്നതിനാല്‍ ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമായി. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളികകള്‍ അവര്‍ കഴിച്ചു. സമ്മര്‍ദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് അല്പം കൂടിപ്പോയി. ദയവായി ഒരു വാര്‍ത്തയും തെറ്റായി വ്യാഖ്യാനിക്കരുത്.' ദയയുടെ വാക്കുകള്‍.

തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും സുഖത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നുവെന്ന് മകള്‍ പറഞ്ഞു. അമ്മ ഉടന്‍ ജീവിതത്തിലേക്ക് തിരികെയെത്തും. ഇതൊരു ആത്മഹത്യാ ശ്രമമല്ല. ഉറക്കമില്ലായ്മയ്ക്ക് കഴിക്കുന്ന ഗുളിക അല്പം കൂടുതല്‍ കഴിച്ചുപോയതാണ്. ദയവായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ വിവരങ്ങള്‍ വളച്ചൊടിക്കുകയോ ചെയ്യരുതെന്നും ദയ ആവശ്യപ്പെട്ടു.

രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് സുരക്ഷാ ജീവനക്കാരന്റെയും അയല്‍ക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കല്‍പന അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കല്പന ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നാണ് വിവരം. കല്പനയുടെ ഭര്‍ത്താവ് ചെന്നൈയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കെപിഎച്ച്ബി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.