ഝാഡ്ഗ്രാം (പശ്ചിമ ബംഗാള്‍): ജീവിതപോരാട്ടത്തിലൂടെ ഒരു മുന്‍നിര സിനിമയുടെ കഥാപാത്രമായ ഗോത്രനായിക ബിജോലി മുര്‍മുവിന് മറ്റൊരു വിസ്മയ നിമിഷം. ബിജോലിക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും നാടിനാകെത്തന്നെയും.

അതീവ സുരക്ഷാ അകമ്പടിയുള്ള വാഹനവ്യൂഹത്തില്‍ നിന്നിറങ്ങി ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് ബിജോലിയുടെ 'ടോട്ടോ'യില്‍ കയറിയപ്പോള്‍ അവര്‍ മാത്രമല്ല ഗോത്രസമൂഹമാകെ അമ്പരന്നു. ഗോത്രവര്‍ഗജനതയോടുള്ള ആദരവിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ഹൃദയസ്പര്‍ശിയായ കാഴ്ച്ച. ആദ്യമായാണത്രേ ഒരു സംസ്ഥാന ഭരണത്തലവനെ അവര്‍ സ്വന്തം ഗ്രാമത്തില്‍ കാണുന്നത്.



ഗ്രാമീണ, ഗോത്രമേഖലകളില്‍ നിര്‍ണായക സേവനങ്ങളും പിന്തുണയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവര്‍ണര്‍ ആനന്ദബോസ് രൂപം നല്‍കിയ 'അമാര്‍ഗ്രാം' (എന്റെ ഗ്രാമം) ദൗത്യവുമായി ഝാഡ്ഗ്രാം സന്ദര്‍ശിച്ച ഗവര്‍ണറെ വരവേല്ക്കാനെത്തിയതായിരുന്നു ഇപ്പോള്‍ ഗ്രാമത്തില്‍ വനവാസികളുടെ വനിതാമുഖമായ ബിജോലി.

കൊല്‍ക്കത്തയില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെ ഝാഡ്ഗ്രാം ജില്ലയില്‍ ലോധശുലിക്കടുത്തുള്ള ഗോവിന്ദപൂരിലെ ഗോത്രവര്‍ഗ സമൂഹത്തില്‍ നിന്നുള്ള ബിജോലിയുടെ മുഖ്യ ഉപജീവന മാര്‍ഗമാണ് ഓട്ടോറിക്ഷ രൂപത്തിലുള്ള 'ടോട്ടോ'.

പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഒരു തൊഴിലില്‍ അനവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ബിജോലി ഡ്രൈവിംഗ് പഠിച്ചും ടോട്ടോ വാടകയ്ക്കെടുത്തും പിന്നെ സ്വന്തമായി വാങ്ങിയും ദാരിദ്ര്യത്തെ മറികടന്നത്. മികച്ച ഒരു കലാകാരി കൂടിയാണവര്‍.


അനേകം സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഗോത്രവര്‍ഗജാതര്‍ക്ക് പ്രചോദനവും ആത്മധൈര്യവും പകര്‍ന്ന അവിശ്വസനീയമായ ആ ജീവിതകഥ അടുത്തിടെ അവാര്‍ഡ് നേടിയ ഒരു ബംഗാളി സിനിമയുടെ കഥാതന്തുവായി. ആ ചലച്ചിത്രവും ബിജോലി വികസിപ്പിച്ചെടുത്ത പുതിയ നൃത്തരൂപവും കണ്ട ഗവര്‍ണര്‍ ആനന്ദബോസ്, രാജ്ഭവന്റെ 'ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ്' നല്‍കി അവരെ അനുമോദിച്ചു.

ബിജോലി ഓടിച്ച ടോട്ടോയില്‍ സഞ്ചരിച്ച് ഗ്രാമീണരുടെ ജീവിതപ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും അവര്‍ അവതരിപ്പിച്ച കലാരൂപങ്ങള്‍ ആസ്വദിച്ചും ഗോത്രസമൂഹത്തിന്റെ മനം കവര്‍ന്ന ഗവര്‍ണര്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.



ഗോത്രഗ്രാമത്തിലെ സ്‌കൂളിന് സമീപം സജ്ജീകരിച്ച ഗോശാല ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗ സമൂഹങ്ങളുടെ ഉന്നമനത്തിനായി രൂപകല്‍പ്പന ചെയ്ത പ്രധാനമന്ത്രി പദ്ധതികളെയും മറ്റ് സര്‍ക്കാര്‍ സംരംഭങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്റ്റാളുകള്‍ സ്ഥാപിച്ചിരുന്നു.

മെഡിക്കല്‍ ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്കൊപ്പം വീട്ടുപകരണങ്ങള്‍, സാനിറ്ററി കിറ്റുകള്‍, യുവാക്കള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍, പുതപ്പുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം ഉള്‍പ്പെടെ ഗ്രാമവാസികള്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.




ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ രൂപം നല്‍കിയ 'ജന്‍രാജ്ഭവന്‍' ഒന്നാം വാര്‍ഷികത്തില്‍ തുടക്കം കുറിച്ച 'ആംനെ സാംനെ', രണ്ടാവാര്‍ഷികത്തില്‍ പ്രഖ്യാപിച്ച അമാര്‍ഗ്രാം - സമ്പര്‍ക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനില്‍ ഒരു 'അമര്‍ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് സെല്‍' സ്ഥാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ ഗോത്രവര്‍ഗക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് രാജ്ഭവനില്‍ ഒരു ഗോത്രകാര്യ സെല്‍ സ്ഥാപിക്കുകയും സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ളില്‍ ഗോത്രകാര്യ സ്‌കൂളുകള്‍ ആരംഭിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സുന്ദര്‍ബന്‍ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിലായിരുന്നു അമാര്‍ഗ്രാം - ഗ്രാമീണ ജനസമ്പര്‍ക്കപരിപാടിയുടെ തുടക്കം.

'ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനയും നിയമവും സംരക്ഷിക്കുക, സംസ്ഥാനത്തെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കുക'. എന്ന തന്റെ 'ഇരട്ട പ്രതിജ്ഞ', പരിപാടിയുടെ ഉദ്ഘാടനവേളയില്‍ അദ്ദേഹം ആവര്‍ത്തിച്ചു.



കേരളത്തില്‍ 'ഫയലില്‍ നിന്ന് വയലിലേക്ക്','സ്പീഡ്', 'ഗ്രാമോത്സവം' തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടികളുടെ ഉപജ്ഞാതാവായ ജനപ്രിയ കളക്ടര്‍ ആനന്ദബോസ് ബംഗാളില്‍ ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ തുടങ്ങിവെച്ച 'ജന്‍രാജ്ഭവന്‍' സംരംഭത്തിന്റെ രണ്ടാം എഡിഷനാണ് രണ്ടാം വാര്‍ഷികത്തില്‍ രൂപം നല്‍കിയ 'അമാര്‍ഗ്രാം'

ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ അനുഭവങ്ങള്‍, പ്രതീക്ഷകള്‍, പരാതികള്‍, ആശങ്കകള്‍ എന്നിവ നേരിട്ട് മനസ്സിലാക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംവിധാനമൊരുക്കുകയുമാണ് അമാര്‍ഗ്രാം സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ ആനന്ദബോസ് വ്യക്തമാക്കി.