ഒഡിഷ: ഭാര്യക്ക് ചെലവിന് നല്‍കാതിരിക്കാന്‍ ഭര്‍ത്താവ് മനഃപൂര്‍വം ജോലി ഉപേക്ഷിച്ചത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് ഒഡിഷ ഹൈക്കോടതി. വിവാഹ മോചനം നേടിയ ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 15000 രൂപ ജീവനാംശം നല്‍കണമെന്ന ഉത്തരവിനെതിരെ യുവാവ് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി പരാമര്‍ശം.

തൊഴിലില്ലാതെയിരിക്കുന്നതും മതിയായ യോഗ്യതകള്‍ ഉണ്ടായിട്ടും ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ ജോലിക്ക് പോകാതെയിരിക്കുന്നതും രണ്ടാണെന്ന് ജസ്റ്റിസ് ഗൗരിശങ്കര്‍ സതാപതി മാര്‍ച്ച് നാലിന് നടത്തിയ ഉത്തരവില്‍ വ്യക്തമാക്കി.

2016 ലാണ് ഹൈസ്‌കൂള്‍ അധ്യാപിക കൂടിയായ ഭാര്യ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 11, 12 എന്നിവ പ്രകാരം ജബല്‍പൂര്‍ കോടതിയില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്യുന്നത്. സുപ്രീംേേകാടതി നിര്‍ദേശ പ്രകാരം പിന്നീട് നടപടികള്‍ റൂര്‍ക്കേല കോടതിയിലേക്ക് മാറ്റുകയായിരുന്നു.

2017ല്‍ 23,000 രൂപ ശമ്പളം ഉണ്ടായിരുന്ന യുവാവിനോട് കുടുംബ കോടതി പ്രതിമാസം 15000 രൂപ ജീവനാംശം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് താന്‍ 2023 മാര്‍ച്ച് ഒന്നുമുതല്‍ തൊഴില്‍ രഹിതനാണെന്നും ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

എന്‍ജിനീയറിങ് ബിരുദ ധാരിയായ യുവാവ് മുന്‍പ് ജോലി ചെയ്തിരുന്നതായി ഹൈക്കോടതി കണ്ടെത്തി. തുടര്‍ന്നാണ് പരാമര്‍ശം. 2024 ലെ കിരണ്‍ജ്യോത് മൈനി-അനീഷ് പ്രമോദ് പട്ടേല്‍ കേസിലെ സുപ്രീകോടതി വിധിയെ ഉദ്ധരിച്ച ഹൈക്കോടതി, ഭര്‍ത്താവിന് ജോലി ഇല്ലെങ്കിലും അയാളുടെ ജോലി ചെയ്യാനുള്ള ശേഷിയും വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കുമെന്ന് പറഞ്ഞു.