ഭോപ്പാല്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത 64 കാരനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലാണ് സംഭവം. കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ പാട്ടിന്റെ ശബ്ദം കുറക്കണം എന്ന് അയല്‍വാസി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പ്രകോപിതരായ പ്രതികള്‍ അതിക്രമം നടത്തിയത്.

മന്‍കിസര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഹോളിയോടനുബന്ധിച്ച് ഉച്ചത്തില്‍ പാട്ടുവെച്ചത്. കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ ശബ്ദം കുറയ്ക്കാന്‍ ശങ്കര്‍ എന്നയാള്‍ അയല്‍ക്കാരനായ ദീപുവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദീപുവും അയാളുടെ അഞ്ച് ബന്ധുക്കളും ചേര്‍ന്ന് ശങ്കറിന്റെ വീട്ടിലെത്തി അതിക്രമം കാണിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ ശങ്കറിന്റെ പിതാവ് മുന്ന കെവാട്ടിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപുവിനും സംഘത്തിനുമെതിരെ കൊലപാതക കുറ്റം ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.