മുംബൈ: നാഗ്പൂരിലെ ആക്രമങ്ങളില്‍ പൊതുസ്വത്ത് നശിപ്പിച്ച കലാപകാരികളില്‍ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ചെലവ് നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും വേണ്ടിവന്നാല്‍ ബുള്‍ഡോസര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അക്രമം അവലോകനം ചെയ്യുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

''എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കലാപകാരികളില്‍ നിന്ന് ഈടാക്കും. അവര്‍ പണം നല്‍കിയില്ലെങ്കില്‍, അവരുടെ സ്വത്തുക്കള്‍ വിറ്റു വീണ്ടെടുക്കും. ആവശ്യമുള്ളിടത്തെല്ലാം ബുള്‍ഡോസറുകളും ഉപയോഗിക്കും,'' ഫഡ്‌നവിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ പ്രതിഷേധത്തിനുനേരെയാണ് ഒരു സംഘം അക്രമം അഴിച്ചുവിട്ടത്.

ഏറ്റുമുട്ടലില്‍ മൂന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ (ഡിസിപിമാര്‍) ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു , നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 104 പേരെ അറസ്റ്റ് ചെയ്തതായി ഫഡ്നവിസ് പറഞ്ഞു. കലാപത്തില്‍ ഉള്‍പ്പെട്ടവര്‍ക്കോ കലാപകാരികളെ സഹായിക്കുന്നവര്‍ക്കോ എതിരെ പൊലീസ് നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെയും കൂട്ടുപ്രതികളാക്കും. ഇതുവരെ 68 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടെത്തി ഡിലീറ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.