ബെംഗളൂരു: വനിതാ കംപാര്‍ട്ട്‌മെന്റില്‍ ലൈംഗികാതിക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. തിരക്കില്ലാത്ത വനിതാ കംപാര്‍ട്‌മെന്റില്‍ കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം സെക്കന്ദരാബാദില്‍നിന്ന് പുറപ്പെട്ട ലോക്കല്‍ ട്രെയിനിലെ യാത്രക്കാരിയായിരുന്ന യുവതിയുടെ നേരെ ലൈംഗിക തൊഴിലാളി ആണോ എന്ന് ചോദിച്ചുകൊണ്ട് അക്രമി സമീപിക്കുകയായിരുന്നു.

ഭയന്നുപോയ യുവതി പിന്നോട്ട് നീങ്ങിയപ്പോള്‍ ഇയാള്‍ യുവതിയെ കടന്നുപടിച്ചു. അക്രമിയില്‍നിന്നു രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെ യുവതി ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടി. വീഴ്ച്ചയില്‍ യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. രക്തംവാര്‍ന്ന് റെയില്‍വേ ട്രാക്കില്‍ കിടന്ന യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

നിലവില്‍ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ റെയില്‍വേ പൊലീസും സെക്കന്ദരാബാദ് പൊലീസും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യം ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.