ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പന്‍ റെയില്‍ പാലം ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തികളെ തുടര്‍ന്ന് ഏറെ നാളായി മുടങ്ങിയ ട്രെയിന്‍ സര്‍വീസ് ഇതോടെ പുനരാരംഭിക്കും. ഉദ്ഘാടന ദിവസം പ്രധാനമന്ത്രി രാമേശ്വരത്തെ രാമക്ഷേത്രത്തിലുമെത്തും. ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, അവിടെനിന്നാണ് നേരിട്ട് രാമേശ്വരത്തെത്തുക.

രാമനവമി ദിവസമായ ഏപ്രില്‍ ആറിന് രാമേശ്വരത്തെത്തുന്ന മോദി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനവും അന്നേദിവസം അദ്ദേഹം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍.എന്‍. രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് തമിഴ് മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റെയില്‍പ്പാലം. 1914-ല്‍ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടര്‍ന്നാണ് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് ആറു മീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈര്‍ഘ്യം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' പാലമാണിത്. 27 മീറ്റര്‍ ഉയരത്തിലേക്കു പൊങ്ങുന്ന ലിഫ്റ്റിങ് സ്പാനിന് 72.5 മീറ്ററാണ് നീളം. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാന്‍ മൂന്നു മിനിറ്റും അടയ്ക്കാന്‍ രണ്ടു മിനിറ്റും മതി.

പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയ പാലത്തിലേത്.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുതിയ റെയില്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഉദ്ഘാടനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു.

1914ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാലം ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് 2019ല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. 2022ലാണ് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉദ്ഘാടമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദേശീയ സുരക്ഷാ കമീഷന്റെ പരിശോധനകളില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലം തുറന്നുകൊടുക്കല്‍ വൈകുകയായിരുന്നു.

പാലത്തിന്റെ മധ്യഭാഗത്തുള്ള വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ഉയര്‍ത്തി കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള സംവിധാനം നിലനിര്‍ത്തിയാണ് പുതിയ പാലം നിര്‍മിച്ചത്. 540 കോടി രൂപ ചെലവഴിച്ചാണ് റെയില്‍ വികാസ് നിഗം 2.07 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരട്ട ലൈനില്‍ തയാറാക്കിയ ട്രാക്കിലൂടെ വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ക്കും കടന്നുപോകാനാകും.

കേരളത്തില്‍നിന്നും രണ്ട് ട്രെയിനുകള്‍

പാമ്പന്‍ പാലം തുറന്നുനല്‍കിയാല്‍ കേരളത്തിനും ഗുണമുണ്ടാകും. കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്ക് ഇതുവരെ നേരിട്ട് ട്രെയിനുകളില്ല. എന്നാല്‍ പാലം തുറന്നാല്‍ രണ്ട് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്ക് ഓടിത്തുടങ്ങും. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് മധുരൈ വരെ പോകുന്ന അമൃത എക്‌സ്പ്രസ് ആണ് രാമേശ്വരത്തേക്ക് സര്‍വീസ് നീട്ടുന്ന ഒരു വണ്ടി. ഇതിനായുള്ള വിജ്ഞാപനം നേരത്തെ ഇറങ്ങിയതാണ്. വണ്ടിയുടെ കോച്ച് കോമ്പോസിഷനും രാമേശ്വരത്തേക്ക് നീട്ടുന്നത് മുന്‍നിര്‍ത്തി മാറ്റിയിരുന്നു.

മംഗലാപുരത്ത് നിന്നും രാമേശ്വരത്തേക്ക് പോകുന്ന ഒരു ട്രെയിനാണ് മറ്റൊന്ന്. ഇതിന്റെ വിജ്ഞാപനവും നേരത്തെ പുറത്തിറങ്ങിയതാണ്. ശനിയാഴ്ചകളില്‍ രാത്രി 7.30ന് മംഗലാപുരത്തുനിന്നും എടുക്കുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 11.45ന് രാമേശ്വരത്ത് എത്തും. തിരിച്ച് 2 മണിക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച കാലത്ത് 5.50ന് മംഗലാപുരത്തെത്തും. പൊള്ളാച്ചി, പഴനി വഴിയാണ് സര്‍വീസ് എന്നത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ഉപകാരമാകും.

ഇന്ത്യന്‍ എഞ്ചിനീയറിങ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വിസ്മയമാണ് പുതിയ പാമ്പന്‍ പാലം. പതിനേഴ് മീറ്റര്‍ ഉയരമുള്ള വെര്‍ട്ടിക്കല്‍ സസ്‌പെന്‍ഷനാണ് ഈ പാലത്തിന്റെ ഹൈലൈറ്റ്. ബോട്ടുകള്‍ക്ക് കടന്നുപോകാനായി ഇവ ലംബമായി ഉയര്‍ത്താനാകുമെന്നതാണ് പ്രത്യേകത. നേരത്തെ മല്‍സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കടത്തിവിട്ട് ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു.

പുതിയ പാലത്തിലൂടെ ട്രെയിനുകള്‍ക്ക് ഒച്ചിഴയും പോലെ ഇഴയേണ്ടിവരില്ല എന്നതാണ് മറ്റൊരു ഹൈലൈറ്റ്. പഴയ പാമ്പന്‍ പാലത്തിലൂടെ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ രണ്ട് കിലോമീറ്റര്‍ പാലം കടക്കാന്‍ ഒരുപാട് സമയം എടുക്കുമായിരുന്നു. എന്നാല്‍ പുതിയ പാലത്തിലൂടെ 80 കിലോമീറ്റര്‍ വേഗതയില്‍ 'പറക്കാം'.