കുളു: ഹിമാചല്‍പ്രദേശിലെ കുളുവിലെ മണികരനില്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകള്‍ അതിനിടയില്‍ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റ നിലയില്‍ അഞ്ച് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.

മരിച്ചതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ ജാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ മൂന്ന് വിനോദ സഞ്ചാരികളും വഴിയോര കച്ചവടക്കാരനും കാര്‍ ഡ്രൈവറും ഉള്‍പ്പെടുന്നു. വൈകിട്ട് അഞ്ചു മണിയോടെ പ്രദേശത്തെ ഗുരുദ്വാരക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

അവശിഷ്ടങ്ങള്‍ക്കൊപ്പം കടപുഴകിയ വലിയ മരം റോഡരികില്‍ ഇരുന്ന ആളുകളുടെ മുകളില്‍ പതിക്കുകയായിരുന്നു. പൊലീസ് സംഘം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മണികരന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ജാരിയില്‍ നിന്നുള്ള അഗ്‌നിശമനസേന യൂണിറ്റ് അപകട സ്ഥലത്തുണ്ട്.