ലഖ്‌നൗ: പെരുന്നാള്‍ ദിനത്തില്‍ ഫലസ്തീന്‍ പതാക വീശിയതിന് മുസ്ലിം ജീവനക്കാരനെ പിരിച്ചുവിട്ട് ഉത്തര്‍ പ്രദേശ് വൈദ്യുതി വകുപ്പ്. സഹാറന്‍പൂര്‍ ജില്ലയിലെ കൈലാശ്പൂര്‍ പവര്‍ ഹൗസിലെ താത്കാലിക ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി. പതാക വീശിയത് ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ചാണ് നടപടി.

മാര്‍ച്ച് 31ന് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം സാഖിബ് ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പതാക വീശുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പുറത്താക്കല്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധത്തില്‍ 70 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജീവനക്കാരന്റെ നടപടി ദേശവിരുദ്ധമാണെന്നും അതാണ് നടപടിക്കു കാരണമെന്നും വൈദ്യുതി വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ അവകാശപ്പെട്ടു. 'കൈലാശ്പൂര്‍ പവര്‍ഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഫലസ്തീന്‍ പതാക വീശുകയും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു'- സഞ്ജീവ് കുമാര്‍ പറഞ്ഞു.

'ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതൊരു ദേശവിരുദ്ധ പ്രവൃത്തിയായി പരി?ഗണിച്ച് അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധപ്പെട്ട കരാര്‍കമ്പനിക്ക് ഒരു കത്ത് എഴുതുകയും ഖാനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു'- സഞ്ജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.