ബെംഗളൂരു: ബെംഗളൂരുവിലെ ആളൊഴിഞ്ഞ വഴിയില്‍ പെണ്‍കുട്ടിയെ യുവാവ് കടന്നുപിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ സ്വമേധയ കേസെടുത്ത് പൊലീസ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇത്രയും ദിവസമായിട്ടും ആരും പരാതിയുമായി എത്താതിരുന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയിയിലായിരുന്നു സംഭവം. പരിസരത്തെ ഒരു കെട്ടിടത്തിലെ സിസിടിവിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആളൊഴിഞ്ഞ ഒരു ഇടവഴിയിലൂടെ രണ്ട് പെണ്‍കുട്ടികള്‍ നടന്നുവരുന്നതാണ് ദൃശ്യത്തിലുള്ളത്. വഴിയുടെ വശങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇവരുടെ പിന്നാലെ ഒരു യുവാവ് നടന്നുവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ഇയാളെ ശ്രദ്ധിക്കുന്നില്ല.

പെണ്‍കുട്ടികളുടെ തൊട്ടുപിന്നില്‍ എത്തിയ ഉടനാണ് ഇയാള്‍ അവരില്‍ ഒരാളെ കടന്നുപിടിക്കുന്നത്. പെണ്‍കുട്ടികള്‍ ഞെട്ടിമാറുന്നതും യുവാവിന്റെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നതോടെ യുവാവ് വന്നവഴിയേ ഓടിമറയുന്നതാണ് പിന്നീട് സിസിടിവി ദൃശ്യത്തില്‍ കാണാനാവുക. കുറച്ചുസമയത്തിന് ശേഷം പെണ്‍കുട്ടികളും നടന്നുപോകുന്നതായാണ് ദൃശ്യത്തിലുള്ളത്.

സിസിടിവിയില്‍ കണ്ട, തിരിച്ചറിയപ്പെടാത്ത അക്രമിയുടെ പേരിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ തിരിച്ചറിയാനുള്ള പ്രയത്നത്തിലാണ് ബെംഗളൂരു പോലീസ്. വരുംദിവസങ്ങളിലെങ്കിലും ആക്രമണത്തിനിരയായ പെണ്‍കുട്ടി പരാതിയുമായി എത്തുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.