മുംബൈ: പായ്ക്കപ്പല്‍ യാത്രയ്ക്കിടെ പരിക്കേറ്റ പാക്കിസ്ഥാന്‍ പൗരന് വൈദ്യസഹായം നല്‍കി ഇന്ത്യന്‍ നാവികസേന. ഇറാനിയന്‍ പായ്ക്കപ്പലിലെ പാക്കിസ്ഥാന്‍ തൊഴിലാളിക്കാണ് നാവികസേന രക്ഷയായത്. വെള്ളിയാഴ്ച ഒമാനില്‍നിന്ന് 350 നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് സംഭവം. അല്‍ ഒമീദിയ എന്ന പായ്ക്കപ്പലിലെ പാക്കിസ്ഥാന്‍ പൗരന് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

അപായ സന്ദേശം ലഭിച്ചയുടന്‍, മധ്യ അറബിക്കടലില്‍ ദൗത്യത്തിന്റെ ഭാഗമായി പുറപ്പെട്ട നാവികസേനയുടെ ഐ.എന്‍.എസ് ത്രികാന്ത് പായ്ക്കപ്പലിനടുത്തേക്ക് എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. നാവികസേനയുടെ മെഡിക്കല്‍ സംഘം പരിക്കേറ്റ തൊഴിലാളിക്ക് ലോക്കല്‍ അനസ്‌തേഷ്യയും അടിയന്തര ശുശ്രൂഷയും നല്‍കി.

വൈദ്യസഹായത്തിനു പുറമേ, ഇറാനില്‍ എത്തുന്നതുവരെ തൊഴിലാളികള്‍ക്ക് ആവശ്യമായ ആന്റിബയോട്ടിക്കുകളും മറ്റു മെഡിക്കല്‍ സാമഗ്രികളും നാവികസേന നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ സമയബന്ധിതമായി ഇടപെട്ടതിന് പായ്ക്കപ്പല്‍ സംഘം ഇന്ത്യന്‍ നാവികസേനയോട് നന്ദി അറിയിച്ചു.