ഫത്തേപ്പൂര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവും മകനും സഹോദരനും വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ അക്രി ഗ്രാമത്തില്‍ ട്രാക്ടര്‍ വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു) നേതാവ് പപ്പു സിങ്(50), മകന്‍ അഭയ് സിങ്(22), ഇളയ സഹോദരന്‍ പിങ്കു സിങ്(45) എന്നിവരാണ് കൊല്ലപ്പെട്ടത്.

റോഡില്‍ തടസ്സം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തിതിരുന്ന ട്രാക്ടര്‍ മാറ്റാന്‍ മുന്‍ ഗ്രാമതലവനായ സുരേഷ് കുമാര്‍ പപ്പു സിങിനോടാവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചത്. സുരേഷ് കുമാറിന്റെ മകനും കൂട്ടാളികളും കൂടി എത്തിയതോടെ സംഘര്‍ഷം ഗുരുതരമാവുകയും വെടിവെയ്പ്പില്‍ അവസാനിക്കുകയുമായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുമായി സുരേഷ് കുമാറിന് ദീര്‍ഘകാലമായി രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.