പാട്‌ന: ബിഹാറില്‍ മിന്നലേറ്റ് നാല് ജില്ലകളിലായി 13 പേര്‍ മരിച്ചു. വടക്കന്‍ ബിഹാറിലെ ബെഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമസ്തിപൂര്‍ ജില്ലകളിലാണ് മിന്നല്‍ ദുരന്തം വിതച്ചത്. ബിഹാറില്‍ വിവിധയിടങ്ങളില്‍ ബുധനാഴ്ച രാവിലെ ശക്തമായ മിന്നല്‍ അനുഭവപ്പെട്ടു.

ബെഗുസാരായില്‍ അഞ്ചു പേരും ധര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമസ്തിപൂരില്‍ ഒരാളുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസധനമായി നാല് ലക്ഷം രൂപ നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.

ഇന്ന് രാവിലെ മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. മിന്നലേറ്റുള്ള അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മേഖലകളിലൊന്നാണ് ബിഹാര്‍. 2023ല്‍ മാത്രം 275 പേര്‍ സംസ്ഥാനത്ത് മിന്നലേറ്റ് മരിച്ചിരുന്നു. മിന്നലും മഴയുമുള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥകളില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭ്യര്‍ഥിച്ചു.