കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സര്‍വേ പാര്‍ക്ക് മേഖലയിലെ ബാങ്കില്‍ കളിത്തോക്ക് ഉപയോഗിച്ച് കവര്‍ച്ചക്ക് ശ്രമിച്ച 31 കാരന്‍ പിടിയില്‍. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. തപാല്‍ വകുപ്പ് ജീവനക്കാരനായ ദലിം ബസു ബാങ്കിനുള്ളിലേക്ക് കയറി കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പക്കലുള്ളതെല്ലാം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭവനവായ്പ അടക്കുന്നതിനും മറ്റു സാമ്പത്തിക കാര്യങ്ങളുമാണ് ബസുവിനെ കവര്‍ച്ചയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ കൈവശം കളിത്തോക്കാണെന്ന് മനസ്സിലാക്കിയതോടെ ബാങ്ക് മാനേജറും മറ്റ് ഇടപാടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് കൈമാറി. കളിത്തോക്കിന് പുറമേ ഇയാളില്‍ നിന്ന് കത്തി കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.