മുംബൈ: ആരേ വനത്തിനുളളില്‍ തെരുവു നായ്ക്കളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കാന്തിവല്ലി (ഈസ്റ്റ്) ഹൗസിങ് സൊസൈറ്റിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് പൊലീസ്. മിനി ട്രക്കില്‍ ചൊവ്വാഴ്ചയാണ് 20 നായക്കളെ വനത്തിനുള്ളില്‍ എത്തിച്ച് ഉപേക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാത്രി തന്നെ വനത്തിലെത്തുകയും ഒരു നായയെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. പരിചയമില്ലാത്തൊരിടത്ത് നായ്ക്കള്‍ ഭക്ഷണം കിട്ടാതെ വലയാനും പുലിയുടെ ആക്രമണം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചു.

നിലവില്‍ സമര്‍ഥ് നഗര്‍ ഹൗസിങ് സൊസൈറ്റിയിലെ നാലു പേര്‍ക്കതിരെയാണ് എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ സെക്ഷന്‍ 11 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വനത്തിനുള്ളില്‍ വളര്‍ത്തു മൃഗങ്ങളെയുള്‍പ്പെടെ ഉപേക്ഷിക്കുന്നത് പതിവാണെന്നും, താന്‍ പലതവണ മൃഗങ്ങളെ രക്ഷിച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷക രേഷ്മ ഷേലത്കര്‍ പറയുന്നു