ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാന്‍സര്‍ ബാധിതനായ 61-കാരന്‍ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ കുല്‍ദീപ് ത്യാഗിയാണ് ഭാര്യ അന്‍ഷു ത്യാഗി(57)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വീട്ടിലെ താഴത്തെനിലയില്‍വെച്ചാണ് കുല്‍ദീപ് ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. സംഭവസമയം ദമ്പതിമാരുടെ രണ്ട് ആണ്‍മക്കളും വീടിന്റെ ഒന്നാംനിലയിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് ഇരുവരും ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുല്‍ദീപിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വീട്ടില്‍നിന്ന് കുല്‍ദീപ് ഉപയോഗിച്ച പിസ്റ്റള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.

താന്‍ കാന്‍സര്‍ ബാധിതനാണെന്നും എന്നാല്‍ ,കുടുംബത്തിന് ഇക്കാര്യം അറിയില്ലെന്നും രോഗത്തില്‍നിന്ന് മുക്തിനേടുമെന്നതില്‍ ഉറപ്പില്ലാത്തതിനാല്‍ ചികിത്സയ്ക്കായി പണം പാഴാക്കാനാകില്ലെന്നുമാണ് കുല്‍ദീപ് കുറിച്ചിരുന്നത്. താനും ഭാര്യയും എന്നും ഒരുമിച്ചുജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. അതിനാലാണ് ഭാര്യയെയും കൂടെ കൊണ്ടുപോകുന്നത്. ഇത് തന്റെ സ്വന്തം തീരുമാനമാണ്. ഇക്കാര്യത്തില്‍ തന്റെ മക്കളടക്കം ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും കുല്‍ദീപിന്റെ കുറിപ്പിലുണ്ടായിരുന്നു.