ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നാലാഴ്ചയ്ക്കുള്ളില്‍ ഇവ നീക്കംചെയ്യാന്‍ നിര്‍ദേശിക്കണമെന്നും നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും കോടതി വ്യക്തമാക്കി. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തി ഉത്തരവിട്ടത്.

ജാതിപ്പേരുകള്‍ നീക്കംചെയ്യാതെ അംഗീകാരം നഷ്ടമായാല്‍ ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ മറ്റു അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കികൂടേയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ സെങ്കുന്ത മഹാജനസംഘത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. തെരുവുകളുടെ പേരില്‍നിന്ന് ജാതി സൂചിപ്പിക്കുന്ന ഭാഗം ഒഴിവാക്കിയതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്നും ഈ ഭാഗം ഒഴിവാക്കിക്കൂടെ എന്നായിരുന്നു ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തിയുടെ ചോദ്യം. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.