ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡ സെക്ടര്‍ 12-ല്‍ താമസിക്കുന്ന അനൂപ് മഞ്ചന്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തര്‍ക്കത്തിനിടെ ഭാര്യ സാഷിയുടെ വിരല്‍ കടിച്ച് മുറിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് (ഏപ്രില്‍16) സംഭവം. അനൂപ് പതിവായി മദ്യപിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞി. സംഭവ ദിവസവും മദ്യലഹരിയിലാണ് ഇയാള്‍ വീട്ടിലെത്തിയത്.

രാത്രി പത്തുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ അനൂപ് ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടെ യുവാവ് ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍ അനൂപ് കടിച്ചെടുത്തത്. യുവതി അലറി കരഞ്ഞിട്ടും അനൂപ് വിട്ടില്ല. കടിയേറ്റ് വിരല്‍ കൈപ്പത്തിയില്‍നിന്ന് വേര്‍പ്പെട്ടു. യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികളെത്തിയാണ് ഇവരെ ആശുത്രിയിലെത്തിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഷി പതിനേഴാം തീയതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് ശനിയാഴ്ച വൈകിട്ടോടെയാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.