ന്യൂഡല്‍ഹി: ബാഗിലൂടെ രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന പ്രിയങ്ക ഗാന്ധിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ബിജെപി എംപി ബാന്‍സുരി സ്വരാജ്. നാഷണല്‍ ഹെറാള്‍ഡ് വിഷയത്തില്‍ പ്രിയങ്ക ഗാന്ധിക്ക് പരോക്ഷ വിമര്‍ശനവുമായാണ് ബാന്‍സുരി സ്വരാജ് രംഗത്ത് വന്നത്. പ്രിയങ്ക അംഗമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിന് ബാന്‍സുരി എത്തിയത് 'നാഷണല്‍ ഹെറാള്‍ഡ് കൊള്ള'യെന്ന് എഴുതിയ ബാഗുമായിട്ടായിരുന്നു. പലസ്തീന്‍ വിഷയം ഉള്‍പ്പെടെയുള്ളവ പരാമര്‍ശിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി നേരത്തെ പാര്‍ലമെന്റില്‍ എത്തിയിരുന്നു.

'നാഷണല്‍ ഹെറാള്‍ഡ് കി ലൂട്ട്' എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. ജെപിസിയില്‍ അംഗമായ പ്രിയങ്ക ഗാന്ധിയെ പ്രകോപിപ്പിക്കാന്‍ തന്നെ ലക്ഷ്യം വെച്ചാണ് ഈ നീക്കം. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ചേരുന്ന ആദ്യ ജെപിസി യോഗമാണ് ഇന്നത്തേത്.കേസ് രാഷ്ട്രീയ പകപോക്കല്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് ബാന്‍സുരിയുടെ നീക്കം.

ഡിസംബറില്‍ പാലസ്തീനും, ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ബാഗ് കളുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയത് ചര്‍ച്ചയായിരുന്നു.തുടര്‍ന്ന് ബിജെപി എംപി അപരാജിത സാരംഗി പ്രിയങ്കക്ക്,സിഖ് വിരുദ്ധ കലാപം ഓര്‍മിപ്പിക്കുന്ന '1984' എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയ ബാഗ് സമ്മാനമായി നല്‍കിയിരുന്നു.