ഹൈയുലിയാങ്ങ്: കനത്ത മഴ തുടരുന്ന അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. കോഴിക്കോട് നിന്നുള്ള സംഘമാണ് ഹൈയുലിയാങ്ങില്‍ കുടുങ്ങിയത്. മഴയ്ക്കൊപ്പമുള്ള മണ്ണിടിച്ചിലിലും പാറവീഴ്ചയിലുമാണ് യാത്രാസംഘം കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലാത്തതിനാല്‍ പുറത്തുള്ളവരുമായി ബന്ധപ്പെടാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കുടുങ്ങിയ സഞ്ചാരികള്‍ പറഞ്ഞു.

പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണെന്നാണ് കുടുങ്ങിയ സഞ്ചാരികള്‍ പറയുന്നത്. പുറംലോകവുമായി ബന്ധപ്പെടാന്‍ ആകുന്നില്ലെന്ന് മലയാളി സഞ്ചാരികള്‍ പറയുന്നു. 7 പേരുടെ സംഘം വല്ലോങ്ങിലും കുടുങ്ങിയതായി സംശയമുണ്ട്.

തങ്ങള്‍ക്ക് തിരികെ പോകാനുള്ള വഴിയെല്ലാം കനത്ത മഴയില്‍ ഇടിഞ്ഞുവീണതിനാല്‍ മൂന്ന് ദിവസമായി തങ്ങള്‍ ഹൈയുലിയാങ്ങില്‍ തന്നെ കഴിയുകയാണെന്ന് സഞ്ചാരികള്‍ പറഞ്ഞു. തങ്ങള്‍ ഒരു ഹോം സ്റ്റേയിലാണ് തങ്ങുന്നതെന്നും അവിടുത്തെ അവസ്ഥകള്‍ വളരെ മോശമാണെന്നും ഇവര്‍ പറഞ്ഞു. ഇന്നലെ ഇവിടെ നിന്ന് പുറത്തുകടക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴിയിടിഞ്ഞതിനാല്‍ തിരികെപ്പോരേണ്ടി വന്നെന്നും തങ്ങളെ സഹായിക്കണമെന്നും സഞ്ചാരികള്‍ പറഞ്ഞു.