ന്യൂഡല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് നീക്കാന്‍ അധികൃതര്‍ എന്തെങ്കിലും ചെയ്യണമെന്നും നിര്‍ദേശിച്ച് സുപ്രീം കോടതി. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തില്‍ നിന്ന് പ്രതികരണവും തേടി.

പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ആള്‍ട്ട് ബാലാജി, ഉള്ളു ഡിജിറ്റല്‍, മുബി, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്‌സ് കോര്‍പ്പ്, ഗൂഗിള്‍, മെറ്റാ ഇങ്ക്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ആപ്പിള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും കോടതി നിരീക്ഷിച്ചു.

ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ പുറപ്പെടുവിക്കേണ്ടത് നിയമനിര്‍മ്മാണ സഭയോ എക്‌സിക്യൂട്ടീവോ ആണെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

അശ്ലീല ഉള്ളടക്കത്തിന്റെ ഓണ്‍ലൈന്‍ പ്രചരണം നിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് അഞ്ച് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉള്ളടക്കം പ്രചരിക്കുന്നുണ്ടെന്നും ഇത് നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണപരമായി എന്തെങ്കിലും ചെയ്യൂ എന്ന് കോടതി പറഞ്ഞു.

വ്യക്തമായ മേല്‍നോട്ടത്തിന്റെ അഭാവം ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് അനാരോഗ്യകരവും വികലവുമായ പ്രവണതകള്‍ വളര്‍ത്തുന്ന ഉള്ളടക്കം പ്രോത്സാഹിപ്പിക്കാന്‍ അനുവദിച്ചു. പ്രത്യേകിച്ച് എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാവുന്ന യുവാക്കള്‍ക്കിടയില്‍. ഇത് കുട്ടികളുള്‍പ്പെടെ ഇത്തരം ഉള്ളടക്കങ്ങള്‍ ഉപഭോഗം ചെയ്യുന്നവരില്‍ അവബോധവും, കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് കോടതി നീരീക്ഷിച്ചു.