ന്യൂഡല്‍ഹി: ബിഹാര്‍ ഹാജിപൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാന്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി. ബിഹാറില്‍ തെരഞ്ഞെടുപ്പ് നടന്നതിനാല്‍ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു.

ഹര്‍ജിക്കാരന് മറ്റ് നിയമപരമായ പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും. ചിരാഗ് പാസ്വാന്റെ ബന്ധുവായ പ്രിന്‍സ് രാജും പാസ്വാനും മറ്റും കൂട്ടാളികളും നടത്തിയ ലൈംഗികാതിക്രമത്തില്‍ നിന്ന് അതിജീവിച്ചയാളാണ് താനെന്ന് ഹര്‍ജിക്കാരി ആരോപിച്ചു .

ഈ ക്രിമിനല്‍ പശ്ചാത്തലത്തെ മറച്ചുവച്ചാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെന്നും അത്തരം വിവരങ്ങള്‍ മറച്ചുവെക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 എ ലംഘനമാണെന്നും ആറ് മാസം തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്നും അവര്‍ വാദിച്ചു.

ബിഹാറില്‍ തെരഞ്ഞെടുപ്പ് നടന്നതിനാല്‍ ഡല്‍ഹിയില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ പറഞ്ഞു. മണ്ഡലത്തിലെ ഒരു വോട്ടര്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമേ അപേക്ഷ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയൂ. ഹര്‍ജിക്കാരി ഈ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ വാദിച്ചു.