- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി സെന്‍സസ് ഇന്ത്യ സഖ്യത്തിന്റെ വിജയം; മുപ്പത് വര്‍ഷമായി മുന്നോട്ടുവെക്കുന്ന ആവശ്യമെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും
ജാതി സെന്‍സസ് ഇന്ത്യ സഖ്യത്തിന്റെ വിജയം
ന്യൂഡല്‍ഹി: രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് ഇന്ത്യ സഖ്യം. ജാതി സെന്‍സസ് നടപ്പാക്കാനുള്ള തീരുമാനം ഇന്ത്യ സഖ്യത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആര്‍.ജെ.ഡിയും പ്രതികരിച്ചു.
ജാതി സെന്‍സസ് നടപ്പാക്കുക എന്നത് കഴിഞ്ഞ 30 വര്‍ഷമായി മുന്നോട്ടുവെക്കുന്ന ആവശ്യമാണെന്ന് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ തേജ്വസി യാദവ് വ്യക്തമാക്കി. ലാലു പ്രസാദ് യാദവ് അടക്കം മുഴുവന്‍ സോഷ്യലിസ്റ്റുകളുടെയും വിജയമാണിത്.
1996-97ല്‍ കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായിരുന്ന വാജ് പേയി സെന്‍സസ് തുടരാന്‍ അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം തങ്ങളുടെ ആവശ്യം നിരസിച്ചു. പല മന്ത്രിമാരും അതിനുള്ള സാധ്യത നിഷേധിച്ചിരുന്നു. എന്നാല്‍, പുതിയ തീരുമാനം തങ്ങളുടെ പോരാട്ടത്തിന്റെ ശക്തിയെ കാണിക്കുന്നുവെന്നും തേജ്വസി യാദവ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസും സി.പി.എം, ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം ഇന്ത്യ സംഖ്യത്തിലെ പ്രമുഖ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പ്രാദേശിക പാര്‍ട്ടികളുടെ ദീര്‍ഘകാല ആവശ്യവുമാണ് ജാതി സെന്‍സസ് നടത്തുക എന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ സ്വന്തമായി ജാതി സര്‍വേ നടത്തുകയും തെലങ്കാന ജാതി സെന്‍സസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജാതി സെന്‍സസ് എന്ന ആവശ്യം മുന്നോട്ടുവെച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പട്ടികജാതി (എസ്.സി), പട്ടികവര്‍ഗ (എസ്.ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി) എന്നിവര്‍ക്കുള്ള വിദ്യാഭ്യാസ, സര്‍ക്കാര്‍ ജോലികളിലെ സംവരണ പരിധി 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടപ്പാക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക പ്രഖ്യാപനം.
2011ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021ല്‍ നടത്തേണ്ട പൊതു സെന്‍സസ് 2025 ആയിട്ടും നടത്തിയിട്ടില്ല. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനനമെന്നത് ശ്രദ്ധേയമാണ്. ബിഹാറില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ആന്ധ്രയിലെ ടി.ഡി.പിയും ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.