ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശച്ച തമിഴ്‌നാട്ടിലെ സ്വകാര്യ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയിലെ പ്രാഫസര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുന്ന കുറിപ്പിട്ടതിനെ തുടര്‍ന്നാണ്‌നടപടി.

ഇന്ത്യ പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ടുവെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റു. സാധാരണക്കാരായ മനുഷ്യരെ രക്തക്കൊതിക്കു തെരഞ്ഞെടുപ്പ് സ്റ്റണ്ടുകള്‍ക്ക് വേണ്ടി കൊല്ലുന്നത് നീതിയല്ലെന്നും ഭീരത്വമാണെന്നും പാക് അധികൃതരെ പ്രസ്താവന ചൂണ്ടിക്കാട്ടി അവര്‍ വാട്‌സാപ്പ് സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം ജീവനാശത്തിനും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കുമെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 2012 മുതല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പ്രൊഫസറെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന് പിന്നാലെ ഇവരെ സംബന്ധിക്കുന്ന വിവരങ്ങളും വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്. അതേസമയം, സസ്‌പെന്‍ഷന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ബി.ജെ.പിയുമായി ചേര്‍ന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇന്ത്യ ജനനായക കക്ഷിയുടെ സ്ഥാപകന്‍ ടി.ആര്‍ പാരിവേന്ദറാണ് എസ്.ആര്‍.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമ.