ഹൈദരാബാദ്: ഇന്ത്യാ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറിക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഒരു വിഭാഗം. ബേക്കറി ഉടമകളോട് പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് ആക്രമം. അക്രമത്തില്‍ ബേക്കറിയുടെ സൈന്‍ ബോര്‍ഡുകള്‍ തകര്‍ത്തു.

ഉച്ചയോടുകൂടി എത്തിയ സംഘം പാകിസ്‌കാന്‍ മുര്‍ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അക്രമിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവസമയത്ത് നിറയെ പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടയാനായില്ല. തുടര്‍ന്ന് ആര്‍.ജി.ഐ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

എന്നാല്‍ തങ്ങളുടെ ബ്രാന്‍ഡ് ഹൈദരാബാദില്‍ നിന്ന് തന്നെ രൂപം നല്‍കിയതാണെന്നും കറാച്ചി എന്ന പേര് അതിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും ബേക്കറി ഉടമകള്‍ പ്രതികരണവുമായി മുന്നോട്ടു വന്നു. 1953ലാണ് ഹൈദരാബാദില്‍ പ്രശസ്തമായ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെടുന്നത്.